Tuesday, 13 March 2012

എന്റെ നാട്..

പ്രകൃതി, സൌന്ദര്യം ആവോളം നല്‍കി കനിഞ്ഞനുഗ്രഹിച്ച...ഇട തൂര്‍ന്ന മഴ കാടുകള്‍ കുട പിടിക്കുന്ന ... മലകള്‍ക്ക് ചുറ്റും വെള്ളി അരഞ്ഞാണം ചാര്‍ത്തി ഒഴുകുന്ന നീര്‍ ചോലകളും വെള്ളചാട്ടവും അപൂര്‍വ സസ്യജാലങ്ങളും പക്ഷിമൃഗാദികളും നിറഞ്ഞ ... നന്മ നിറഞ്ഞ മനുഷ്യരാല്‍ സമ്പന്നമായ എന്റെ നാട്.. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാനെന്നു നിസ്സംശയം പറയാം...




അതെ...നിലമ്പൂര്‍---ഈശ്വരന്റെ കയ്യൊപ്പ് പതിഞ്ഞ തേക്കിന്റെ സ്വന്തം നാട്..എന്റെ നാട്ടിലേക്ക്, ഞങ്ങളുടെ ആഥിത്യം സ്വീകരിക്കാന്‍, 'ബൂ'ലോക വാസികളെ...നിങ്ങളെ ഞാന്‍ സാദരം ക്ഷണിക്കുന്നു....



ഇവിടെ നിങ്ങളുടെ മനസ്സ് പിടിച്ചു നിര്‍ത്തുന്ന ചില സ്ഥലങ്ങള്‍ ഞാന്‍ ആദ്യം പരിചയപ്പെടുത്തട്ടെ...



നെടുങ്കയം:

ഞാന്‍ ആദ്യമായി പ്രകൃതിയുടെ മടിത്തട്ടിലേക്ക് പിച്ചവെച്ചത് ഈ വഴിയാണ്.. ഒന്നാം ക്ലാസ്സിലെ എന്റെ കൂട്ടുകാരുടെ കൂടെ സ്കൂളില്‍ നിന്നും വന്ന ആദ്യ വിനോദയാത്ര...പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ പ്രകൃതിയുമായി പ്രണയത്തിലായത് ഇവിടെ വെച്ചാണെന്ന് തോന്നുന്നു..

നിലമ്പൂര്‍ നിന്നും 15 കിലോമീറ്റര്‍ കരുളായി റോഡിലൂടെ യാത്ര ചെയ്‌താല്‍ ഇവിടെ എത്തി ചേരാം...ഫോറസ്റ്റ് ചെക്ക് പോസ്റ്റ്‌ പിന്നിട്ട് വനത്തിലൂടെ ഉള്ള യാത്ര.. പല സിനിമകളും ചിത്രീകരിച്ചിട്ടുണ്ട് ഇവിടെ.. .. സൈലന്റ് വാലിയുടെ ബഫ്ഫര്‍ സോണില്‍ പെടുന്നതാണ് നിലമ്പൂര്‍ വനം..5 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ പണ്ട് ബ്രിട്ടീഷു കാര്‍ നിര്‍മ്മിച്ച ബംഗ്ലാവിന്റെ അടുത്തെത്താം... ഇതിനടുത്താണ് തേക്ക് മരം ലേലം നടക്കുന്നത് ... ബംഗ്ലാവ് ഇന്ന് സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൌസ് ആണ്.. വാഹനം ഇവിടെ നിര്‍ത്തി മുന്നോട്ടു നടന്നാല്‍ ഒരു ഇരുമ്പ് പാലം കാണാം.. ഇതും ഇംഗ്ലീഷ് കാരുടെ വക തന്നെ.. അതില്‍ നിന്നും താഴേക്ക് നോക്കിയാല്‍ നല്ല സ്ഫടികം പോലത്തെ വെള്ളം ഉള്ള പുഴ .. ഈ സൌന്ദര്യത്തിനു ഇടയില്‍ മറഞ്ഞിരിക്കുന്ന ചുഴികള്‍ പല ജീവനുകള്‍ എടുത്തിട്ടുണ്ട്.. അതിനാല്‍ ചില ഭാഗങ്ങളിലേക്ക് പോകാന്‍ വിലക്കുണ്ട്.. ആഴം കുറഞ്ഞ പുഴയില്‍ നല്ല തണുപ്പുള്ള വെള്ളമാണ്... അതിലിറങ്ങി കുളിക്കാന്‍ എന്ത് രസമാണെന്നോ..ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയോരം, ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളില്‍ കുരങ്ങന്മാര്‍ ഇളിച്ചു കാട്ടി ഇരിക്കുന്നു.. അവിടെ പോയി ഇരുന്നാല്‍ സമയം പോകുന്നത് അറിയികയെ ഇല്ല..

ഇരുമ്പ് പാലം കഴിഞ്ഞു നടക്ക്കുമ്പോള്‍ പണ്ട് ഉണ്ടായിരുന്ന ആന പന്തി കാണാം.. അതിനോട് ചേര്‍ന്നു ചില ആദിവാസി കുടിലുകളും ഉണ്ട്... ഇവിടെ ഉള്ള മറ്റൊരു മനുഷ്യ നിര്‍മ്മിതി ഒരു കല്ലറയാണ്‌... പ്രകൃതിയിലെ ഈ പൂങ്കാവനം ലോകത്തിനു മുന്നില്‍ എത്തിച്ച ഡോസന്‍ സായിപ്പിന്റെ കല്ലറയാണ്‌... അദ്ദേഹത്തിന്റെ സ്മരണക്കായി സ്ഥാപിച്ചതാണ്..

ഇവിടെ നിന്നും ഉള്ളിലേക്ക് പോയാല്‍ ലോകത്ത് അവശേഷിക്കുന്ന, വംശനാശ ഭീഷണി നേരിടുന്ന ഗുഹാ മനുഷ്യരെ കാണാം.. ചോലനായ്ക്കര്‍..

മാന്ജീരിയില്‍ നിന്നും ഊട്ടിയിലേക്ക് നടപ്പാത ഉണ്ട് .. ഹിംസ്ര ജന്തുക്കള്‍ അധിവസിക്കുന്ന മേഘലയില്‍ കൂടി ആണ് അവിടേക്ക് പോവേണ്ടത്.. സാഹസികര്‍ക്ക് വനം വകുപ്പിന്റെ അനുവാദത്തോടെ ട്രക്കിംഗ് സൌകര്യവും ഉണ്ട്..



കനോലി പ്ലോട്ട്:

നിലമ്പൂരില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരം..1846 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് കല്ലക്ടര്‍ ആയിരുന്ന കനോലി സായിപ്പ്പ് , ചാലിയാര്‍ പുഴയുടെ തീരത് വിഭാവനം ചെയ്ത ലോകത്തിലെ ആദ്യത്തെ തേക്കിന്‍ തോട്ടം ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്..ഇവിടേക്ക് ഉണ്ടായിരുന്ന വഞ്ചി യാത്ര ഒരു അനുഭവം തന്നെ ആയിരുന്നു.. ആടി ഉലഞ്ഞു അക്കരെ എതുബോഴേക്കും പകുതി ജീവന്‍ പോകും...ഇന്ന് വള്ളത്തിലുള്ള ഈ യാത്ര ഓര്‍മ്മയായി.. പുതിയ തൂക്കു പാലം ഉണ്ടാക്കിയിട്ടുണ്ട്..

കുരുവാന്‍ പുഴയും ചാലിയാറും ഒന്നായി ചെരുന്ന്ന കാഴ്ച കാണേണ്ടത് തന്നെ.. മനുഷ്യന്‍ നാട്ടു വളര്‍ത്തിയ ലോകത്തിലെ ഏറ്റവും വല്യ തേക്ക് ഇവിടെയാണ്‌..



തേക്ക് മ്യുസിയം:

തേക്കിന്റെ നാട്ടിലല്ലാതെ എവിടെയാണ് ലോകത്തിലെ ആദ്യ തേക്ക് മ്യുസിയം ഉണ്ടാവേണ്ടത്??.. നിലംബൂര് നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ തേക്ക് മ്യുസിയത്തില്‍ എത്തി ചേരാം..തേക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ നിന്നും അറിയാം..ശലഭോദ്യാനവും 3 കിലോമീറ്റര്‍ നീളുന്ന ഒരു നടപ്പാതയും ഉണ്ട് ഇവിടെ.. പ്രകൃതിയുടെ സ്വച്ചതയില്‍ പ്രയയിനികള്‍ കൈ കോര്‍ത്ത്‌ നടക്കുന്ന കാഴ്ച ഇവിടെ പുതുമയല്ല...



ആഡ്യന്‍പാറ:

വെള്ളരി മലയില്‍ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന, പ്രകൃതി ഒരുക്കിയ വിസ്മയം..കരിമ്പാറ പുറത്തു കൂടെ ഒഴുകി താഴ്ചയിലേക്ക് പതിക്കുന്നു...വലിയ വാട്ടര്‍ തീം പാര്‍ക്കില്‍ കാണുന്ന ഏതൊരു വാട്ടര്‍ റൈഡിനോടും കിട പിടിക്കുന്ന , 60 അടിയോളം താഴേക്ക് തെന്നി വീഴുന്ന തരത്തില്‍ പ്രകൃതി ഉണ്ടാക്കിയ റൈഡ്..സാഹസികരായ കൊച്ചു കൂട്ടുകാര്‍ ഇതിലെ കെട്ടി മറിയുന്നത് കാണുമ്പോള്‍ ആര്‍ക്കും കൊതി തോന്നി പോവും അതില്‍ ഒന്ന് ഇറങ്ങാന്‍....നിലംബൂര് നിന്ന്‍ 15 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്..




ചാലിയാര്‍ മുക്ക്:

കാഞ്ഞിരപുഴയും കരിമ്പുഴയും നീര്‍പ്പുഴയും സംഗമിക്കുന്ന ത്രിവേണി..പുള്ളിമാനുകളും അപൂര്‍വ നീര്പക്ഷികളും നിറഞ്ഞ ഭൂമി.. ഇവിടുത്തെ അസ്തമയ സൂര്യന്റെ സുന്ദര ദൃശ്യം മനസ്സില്‍ എന്നും മായാതെ നില്‍ക്കും..





ഇത്രയും എന്റെ നിലമ്പൂരിന്റെ , ലോകമറിഞ്ഞ ചില കാഴ്ചകളാണ്..
 
 
 ഇതിലും അപ്പുറം എന്തെന്തു കഴ്ച്ചകലാനെന്നോ...
 
 
കാടിനുള്ളിലെക്കുള്ള യാത്രകളും ,പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പോകാറുള്ള അത്യന്തം ആവേശകരവും രസകരവും ഒപ്പം പേടിപ്പെടുതുന്നതും ആയ അനുഭവങ്ങളും നിങ്ങളുമായി പങ്കു വെക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു..

No comments: