Saturday, 25 August 2012

മഴ മേഘങ്ങളും മഴ വര്‍ണ്ണങ്ങളും 

മഞ്ഞു പുതച്ചു മലകളും തണുത്തുറഞ്ഞു പുഴയും 

പാതി കൂമ്പി നീലതാമരയും.. 


ഇല പൊഴിച്ച് നില്‍ക്കുന്ന അത്തി മരച്ചുവട്ടില്‍

 തണല്‍ തേടുന്ന മാന്‍ പേടകളും..

ഹേമന്തവും ശിശിരവും വസന്തവും ഗ്രീഷ്മവും 


മാറി മാറി ഭൂമിയെ പുല്‍കുമ്പോള്‍ 


എന്റെ മനസ്സില്‍ മാത്രം എന്നും വേനലായിരുന്നു.. 


കരിഞ്ഞുണങ്ങിയ മോഹങ്ങള്‍ ‍ ഒരിറ്റു ദാഹജലത്തിനായി 


പിടഞ്ഞു കൊണ്ടിരിക്കെ, ഉണ്ടാവില്ല ഇനിയൊരു വസന്തം 


വയ്യെനിക്ക് ഈയ്യാം പാറ്റകളെ പോലെ, നൈമിഷികമായ 


നശ്വര സ്വപ്നങ്ങള്‍ക്ക് ചായം കൊടുക്കാന്‍.. 


എന്റെ മനസ്സില്‍ മാത്രം എന്നും വേനലായിരുന്നു..

5 comments:

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

ഞാന്‍ നട്ട സ്വപ്നത്തിന്റെ തളിരുകളാണ് നിന്‍റെയീ വേനലില്‍ കരിഞ്ഞുണങ്ങിയത്.
ഈ മഴമോഹങ്ങള്‍ നിന്നില്‍ പെയ്തുനിറയവേ കടുംവര്‍ണങ്ങള്‍ ചാലിച്ചു ഞാന്‍ വസന്തചിത്രമെഴുതുകയായിരുന്നു.
നീയെന്ന സൂര്യനെ മാത്രം ധ്യാനിച്ച നീലതാമരയായ് ഞാന്‍...
എന്നിട്ടുമെന്തേ പറയുന്നു നീ.. ഇനിയില്ല വസന്തമെന്നു...
വയ്യെനിക്ക്‌, നിന്‍റെ സ്വപ്നങ്ങളിലെ ഈയാംപാറ്റ കളാവാന്‍ ..
നീ തന്നെ പറയൂ,
നിന്‍റെ വേനലില്‍ പെയ്തിറ ങ്ങണോ അതോ നിന്നില്‍ കത്തിയമരുന്ന ഈയലുകളാവണോ?
ഏതായാലും ഒടുക്കം നിന്നില്‍ തന്നെ ...

റിനി ശബരി said...

ആദ്യമായി വായിക്കുന്നു രാഹുലിനേ ..!
ബ്ലൊഗ് ചിത്രം എന്നെ വല്ലാണ്ട് കൊതിപ്പിച്ചു ..
ആ മഴചിത്രം നോക്കിയിരുന്നു ഞാന്‍ കുറെ നേരം ....!

ഭൂമിയേ പൊലെ തന്നെ മനുഷ്യമനസ്സും ...
എന്നും വേനലാവാന്‍ തരമില്ലല്ലൊ സഖേ ...
നീ വകഞ്ഞു മാറ്റിയ മഴമേഘം നിന്നിലേക്ക്
പൊഴിയുവാന്‍ മാത്രമായി കോപ്പ് കൂട്ടുന്നുണ്ട് ..
എത്ര വരണ്ടുണങ്ങിയ മണ്ണിനേയും നനക്കുവാന്‍
പ്രാപ്തിയില്‍ ഒരു മഴ നില്‍ക്കേ എന്തിനീ വിരഹം ..
ഒന്നു തൊട്ടു നോക്കൂ , നിന്നിലേക്ക് ആര്‍ത്തലച്ചു
പെയ്യുവാന്‍ വെമ്പുന്ന മാനം കാത്ത മഴപൂവുകള്‍ കാണാം ..
വസന്തങ്ങളിനിയുമുണ്ടേട്ടൊ വഴിത്താരകളില്‍ നിന്നെയും കാത്ത് ..
സ്നേഹപൂര്‍വം .. റിനീ ..
" ഹൃദ്യമാവട്ടെ ന്റെ ജില്ലക്കാരനീ ഓണക്കാലം "

Unknown said...

വളരെ നല്ല ഒരു കവിത. നന്നായിട്ടുണ്ട്

കീയക്കുട്ടി said...

പെയ്യാന്‍ വിതുമ്പിയ എന്നെ കാറ്റിന്‍
കരങ്ങളില്‍ കൊടുത്തയച്ചു നീ ...നിനക്കായി തീര്‍ത്ത വേനല്‍...
അതില്‍ സ്വയമുരുകാന്‍ നിന്നെ വിധിച്ച നീ ആര്‍ക്കുവേണ്ടി ആയിരുന്നു ഇതല്ലാം?

anupama said...

പ്രിയപ്പെട്ട രാഹുല്‍,

ഹൃദ്യമായ അവിട്ടം ആശംസകള്‍ !

ചന്നംപിന്നം മഴ പെയ്യുന്ന ഈ ചിങ്ങമാസ രാത്രിയില്‍, എന്തിനാ ഈ വേനലും കൂടെകൂട്ടുന്നത്?

പൊന്നോണ ചിങ്ങമാസത്തില്‍ പൂക്കളുടെ ഭംഗിയും പ്രത്യാശയുടെ കിരണങ്ങള്‍ ജീവിതത്തില്‍ നിറയട്ടെ !

സസ്നേഹം,

അനു